മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ പാറപ്പുറം കച്ചേരിപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡ് അടച്ച് പ്രതിഷേധസമരം നടത്തി.
സ്കൂൾബസുകളും മറ്റും പോയിക്കഴിഞ്ഞതിനുശേഷമാണ് സമരം തുടങ്ങിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മണ്ണാർക്കാട് പോലീസും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി പരിഹാരം കാണാമെന്ന ഉറപ്പിലാണു ജനങ്ങൾ റോഡ് തുറക്കാൻ തയാറായത്.
നാട്ടുകാർ സമരവുമായി മുന്നോട്ടുപോകാനുള്ള നീക്കമാണെന്നറിഞ്ഞതോടെ കഴിഞ്ഞദിവസം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ കല്ലുകൾ ഉൾപ്പെടുന്ന ക്വാറിവേസ്റ്റ് സ്ഥലത്തിറക്കിയതായി നാട്ടുകാർ പറഞ്ഞു.
എന്നാൽ ഇതിനുമുന്പുതന്നെ തീരുമാനം എടുത്തിരുന്നുവെന്ന് പഞ്ചായത്തംഗം കെ. മുഹമ്മദ് ബഷീർ പറഞ്ഞു. നാട്ടുകാരുടെ കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാൻ അനുവദിക്കില്ല. വലിയ കല്ലുകൾ അടങ്ങുന്ന ക്വാറി വേസ്റ്റ് നിരത്താൻ അനുവദിക്കില്ലെന്നും അഴുക്കുചാലിലെ മണ്ണുനീക്കി ജിഎസ്പി മിശ്രിതം നിരത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കോട്ടോപ്പാടം പഞ്ചായത്തിലെ 4, 20, 21 വാർഡുകളിലൂടെ കടന്നു പോകുന്ന ഏകദേശം രണ്ടുകിലോമീറ്റർ ദൂരമാണ് കാലങ്ങളായി തകർന്നു കിടക്കുന്നത്. കഴിഞ്ഞ സർക്കാർ ബജറ്റിൽ രണ്ടുകോടിരൂപ വകയിരുത്തിയിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പും ടാറിന്റെ വിലവർധനയും മറ്റും വന്നതോടെ ടെൻഡർ നടപടികൾ പൂർത്തിയായില്ല. ഇതോടെ പദ്ധതി നടപ്പായില്ല.
പഞ്ചായത്ത് അടിയന്തര ആവശ്യത്തിനുപയോഗിക്കുന്ന ഫണ്ടിൽ നിന്ന് 10,000 രൂപയും മൂന്ന് വാർഡ് അംഗങ്ങളുടെ ഫണ്ടിൽനിന്നു 10000 രൂപവീതവും രണ്ടു പഞ്ചായത്തംഗങ്ങൾ സ്വന്തംനിലയിൽ 10,000 രൂപ വീതവും നൽകാമെന്ന് ഉറപ്പുനൽകിയതായി നാട്ടുകാർ പറഞ്ഞു.